Thursday, August 15, 2019

കേരളം എങ്ങോട്ട് ?

ഒരാൾ ഇന്ന് സർക്കാർ സർവ്വീസിൽ കയറുന്നതോടെ അയാളുടെയും അയാളുടെ കുടുംബത്തിന്റെയും ജീവിതം സുരക്ഷിതമാക്കപ്പെടുന്നു. തന്റെ സർവ്വീസ് കാലത്തിനിടയ്ക്ക് നാലോ അഞ്ചോ ശബള വർദ്ധനവിന്റെ ആനുകൂല്യത്തോടെ 55 മത്തെ വയസ്സിൽ ശരാശരി 80,000 രൂപയുടെ ശബളത്തോടെ വിരമിക്കുമ്പോൾ പിന്നീട് പ്രതിമാസം 40,000 രൂപയുടെ പെൻഷനും ലഭിക്കുന്നു. അതിന് പുറമെ വിരമിക്കുമ്പോൾ ശരാശരി അൻപത് ലക്ഷം രൂപയുടെ വിരമിക്കൽ ആനുകൂല്യവും. ഇത്  നിക്ഷേപമാക്കി മാറ്റുമ്പോൾ പലിശയിനത്തിൽ പ്രതിമാസം 60,000 രൂപ കിട്ടും. അതായത് പെൻഷൻ പറ്റി വീട്ടിലിരിക്കുമ്പോൾ പ്രതിമാസം ഒരു ലക്ഷം രൂപ ! എയർകണ്ടീഷൻ മുറിയിലോ ഫാനിനടിയിലോ ഇരുന്ന് ജോലി ചെയ്യുന്ന ഇവർ പ്രതിമാസം 20,000 രൂപ മുതൽ 2,50,000 രൂപ വരെ ശമ്പളം വാങ്ങുമ്പോൾ ഒരു ദിവസം മുന്നോ നാലോ മണിക്കൂർ മാത്രമാണ് യഥാർത്ഥത്തിൽ ജോലി ചെയ്യുന്നത്. ഒരു വർഷത്തിലെ സർക്കാർ അവധികൾക്ക് പുറമെ ബന്ദും, ഹർത്താലും, പണിമുടക്കുകളും, ലീവും കഴിച്ച് ജോലി ചെയ്യുന്നത് 230 ദിവസങ്ങൾ മാത്രം.

പതിനഞ്ചോ ഇരുപതോ വയസ്സിൽ കർഷകനായോ, കർഷക തൊഴിലാളിയായോ, നിർമ്മാണ തൊഴിലാളിയായോ, ഓട്ടോ-ടാക്സി ഡ്രൈവറായോ, കടയിലെ സെയിൽസ്മാനായോ ചെറുകിട വ്യാപാരിയായോ, അല്ലെങ്കിൽ മറ്റ് തൊഴിൽ മേഖലയിലെ തൊഴിലാളിയായോ ഒരു തൊഴിലിലേക്ക് പ്രവേശിക്കുന്ന ഒരു തൊഴിലാളി രാവിലെ 8 മണിക്ക് തുടങ്ങിയാൽ 8 മുതൽ 12 മണിക്കൂർ വരെ പണിയെടുക്കുന്നു. വൈകിട്ട് കയ്യിൽ കിട്ടുന്ന 500-600 രൂപയ്ക്ക് തന്റെ വീട്ടിലേക്ക് ആവിശ്യമായ അരിയും സാധനങ്ങളും വാങ്ങിക്കുന്നതോടെ കൈകൾ കാലിയാവുന്നു. തിരിച്ച് വീട്ടിൽ എത്തുമ്പോൾ കുടുംബത്തിലെ ഒരാൾക്ക് അസുഖം  വന്നാൽ അവന്റെ കാര്യം പിന്നെ പറയേണ്ടതില്ല. ഒരു സാമൂഹ്യ ജീവിയെന്ന നിലയിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും വിവാഹം, പാലുകാച്ചൽ തുടങ്ങി ഒഴിവാക്കാൻ കഴിയാത്ത മറ്റ് ചിലവുകൾ വേറെയും. മക്കളുടെ പഠനം, വായ്പയുടെ തിരിച്ചടവ് ........... അങ്ങനെ പോകുന്നു പട്ടിക. ഒരു ദിവസം പണിയില്ലയെങ്കിൽ അന്ന് പട്ടിണി. അങ്ങനെ ജീവിതം എന്താണെന്നറിയാതെ വരവും ചിലവും കൂട്ടിമുട്ടിക്കാൻ കഴിയാതെ നെട്ടോട്ടമോടുന്ന അവൻ എന്നാണ് വിരമിക്കുന്നത് ? എഴുപതും എൺപതും പിന്നിട്ട്  നിവർന്ന് നിൽക്കാവുന്ന കാലത്തോളം പണി ചെയ്യുന്ന അവന്റെ വിരമിക്കൽ കുഴിമാടത്തിലേക്ക് എടുക്കുമ്പോൾ മാത്രമായിരിക്കും.


ഒരു തൊഴിലാളി റോഡുണ്ടാക്കുന്നത് അവന് വേണ്ടിയല്ല. ഒരു നിർമ്മാണ തൊഴിലാളി കെട്ടിടം ഉണ്ടാക്കുന്നത് അവന് വേണ്ടിയല്ല. ഒരു കർഷകൻ അന്നം ഉത്പാദിപ്പിക്കുന്നതും അവന് വേണ്ടിയല്ല. ഒരു ഡ്രൈവർ വണ്ടിയോടിക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തിന് യാത്ര ചെയ്യാനല്ല. ഒരു വ്യാപാരി സാധനങ്ങൾ വിൽക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിയല്ല. ഇവരെല്ലാം പല രീതിയിൽ രാജ്യത്തിന്റെ വികസന പ്രക്രിയയിലെ പങ്കാളികളാണ്. ജനങ്ങൾ നൽകുന്ന നികുതി പണം ശബളമായി വാങ്ങി ഓഫീസിലിരുന്ന് സേവന പ്രവർത്തനം നടത്തുന്ന ജീവനക്കാരെയും അവരുടെ കുടുംബത്തെയും സർക്കാർ സംരക്ഷിക്കുമ്പോൾ, തന്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി തന്റെ കായികാദ്ധ്വാനം വിൽക്കാൻ നിർബന്ധിതരാവുന്ന തൊഴിലാളികൾക്ക് എന്ത് സംരക്ഷണമാണ് സോഷ്യലിസ്റ്റ് ഭരണഘടനയുള്ള രാജ്യത്തെ സർക്കാറുകൾ നൽകുന്നത് ?


55 വയസ്സിൽ വിരമിക്കുന്ന സർക്കാർ ജീവനക്കാരന് 40,000 രൂപ പെൻഷനോടൊപ്പം വിരമിക്കൽ ആനുകൂല്യത്തിന്റെ പലിശ സഹിതം പ്രതിമാസം ലഭിക്കുന്നത് ഏകദേശം ഒരു ലക്ഷം രൂപ. പുതിയ പ്രവണത അനുസരിച്ച് ഒരു സർക്കാർ ജീവനക്കാരൻ വിവാഹം കഴിക്കുന്നതും ഒരു സർക്കാർ ജീവനക്കാരിയെ ആണ്. അപ്പോൾ ആ ഒരു കുടുംബത്തിലേക്ക് മാത്രം എത്തുന്ന റവന്യൂ വരുമാനം എത്രയായിരിക്കും ? ഒരു സർക്കാർ ജീവനക്കാരൻ മരിച്ചാൽ ആശ്രിതന് പകുതി പെൻഷൻ. അങ്ങനെ അടുത്ത തലമുറയെയും സംരക്ഷിക്കപ്പെടുമ്പോൾ 365 ദിവസവും തൊഴിലെടുക്കുന്ന സാധാ തൊഴിലാളിക്ക് 60 വയസ്സാവുമ്പോൾ പ്രതിമാസം 1200 രൂപ ! ഒരു ജീവനക്കാരൻ മരണപ്പെട്ടാൽ ആശ്രിതന് ജോലി. ഒരു തൊഴിലാളി മരണപ്പെട്ടാൽ ആശ്രിതർ പെരുവഴിയിൽ. ഒരു ജീവനക്കാരനോ അവന്റെ ബന്ധുവിനോ രോഗം വന്ന് ചികിത്സിച്ചാൽ മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് വഴി ആ പണം തിരിച്ച് നൽകുമ്പോൾ ഒരു തൊഴിലാളിക്കോ അദ്ദേഹത്തിന്റെ മക്കൾക്കോ ഒരു രോഗം വന്നാൽ അവൻ ബക്കറ്റുമായി ജനങ്ങളുടെ മുന്നിൽ ഭിക്ഷയെടുക്കേണ്ട ഗതികേട്. ഇതാണോ നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസം ?

ഇന്ന് മാർക്കറ്റിൽ നിന്ന് 10 കി.ഗ്രാം അരി ലഭിക്കണമെങ്കിൽ 350 രൂപ വേണം. ഒരു സർക്കാർ ജീവനക്കാരന് മാസാമാസം ശമ്പളം കിട്ടാൻ അവൻ ഒരു രൂപ പോലും ചിലവഴിക്കേണ്ടതില്ല. കിട്ടിയ ശബളത്തിൽ നിന്ന് 350 രൂപ എടുത്ത് കൊടുത്ത് 10 കി.ഗ്രാം അരി വാങ്ങിച്ചാൽ ആ 350 രൂപയുടെയും മൂല്യം അദ്ദേഹം ഭക്ഷിക്കുന്നു. അതായത് അദ്ദേഹം ചിലവഴിച്ച 350 രൂപ പൂർണ്ണമായും അദ്ദേഹം അനുഭവിക്കുന്നു. അതേ സമയം ഒരു കർഷകന് 350 രൂപയുടെ അരി ലഭിക്കണമെങ്കിൽ 35 നാളികേരം വേണം. 35 നാളീകേരം ലഭിക്കണമെങ്കിൽ 5 തെങ്ങുകളിൽ കയറണം. അതിന് തെങ്ങ് കയറ്റ തൊഴിലാളിക്ക് കൂലി 150 രൂപ. അത് പൊളിച്ച് കടയിൽ എത്തിക്കാൻ പൊളികൂലിയും കടത്ത് കൂലിയുമായി 75 രൂപ ചിലവാകുന്നു. 35 നാളികേരം തെങ്ങിൽ ഉണ്ടാവണമെങ്കിൽ തെങ്ങിന്റെ തടം തുറന്ന് വളം നൽകണം. അതിന് തൊഴിലാളിയുടെ കൂലിയടക്കം 35 നാളികേരത്തിന്റെ ഉത്പാദന ചിലവ് 272 രൂപ. അങ്ങനെ 497 രൂപ ചിലവാക്കുമ്പോൾ ലഭിക്കുന്ന 35 നാളികേരം വിറ്റ് കിട്ടുന്ന 350 രൂപ കൂടി കൂട്ടുമ്പോൾ 847 രൂപ. തെങ്ങ് കയറ്റ തൊഴിലാളിയെ കണ്ടെത്തി അദ്ദേഹത്തെ വിളിച്ച് കൊണ്ട് വന്ന് തെങ്ങിൽ കയറ്റി പിന്നെ തേങ്ങ പൊളിപ്പിച്ച് കടയിൽ കൊണ്ടുപോയി കൊടുക്കാൻ ചിലവഴിക്കപ്പെടുന്ന ഒരു ദിവസത്തെ അദ്ധ്വാനത്തിന്റെ കൂലി 600 രൂപയും കൂടി കൂട്ടുമ്പോൾ 350 രൂപയുടെ അരിക്ക് വേണ്ടി ഒരു കർഷകൻ ചിലവഴിക്കുന്നത് 1447 രൂപ. അതായത് 1447 രൂപ ചിലവഴിക്കുമ്പോൾ 350 രൂപയുടെ മൂല്യം മാത്രമാണ് അവന് തിരികെ ലഭിക്കുന്നത്. 350 രൂപയുടെ അരി ഭക്ഷിക്കുമ്പോഴേക്കും 1097 രൂപ അവന്റെ കൈകളിൽ നിന്നും അവനറിയാതെ ചോർന്നു പോകുന്നു. ഈ നഷ്ടമൂല്യ സിദ്ധാന്തമാണ് ഇന്നത്തെ സമൂഹത്തെ ഭരിക്കുന്ന സാമ്പത്തിക ശാസ്ത്രം.


ഇതൊരു കർഷകന്റെ മാത്രം അവസ്ഥയല്ല. ഒരു ഓട്ടോ-ടാക്സി തൊഴിലാളിക്കും 350 രൂപയുടെ അരി വാങ്ങിക്കുമ്പോൾ ഇതേ നഷ്ടം സംഭവിക്കുന്നു. വണ്ടി വാങ്ങിച്ച് റോഡിലിറക്കാനായി വൻതുക ചിലവഴിക്കുന്നു. അതിന്റെ വായ്പയുടെ തിരിച്ചടവ്, ടാക്സ്, ഇൻഷൂറൻസ്, മെയിന്റനൻസ് ചിലവ്, ഇന്ധന ചിലവ് തുടങ്ങി ഒട്ടനവധി ചിലവുകൾക്കുള്ള പണം മുടക്കുമ്പോഴാണ് വൈകുന്നേരം 600-700 രൂപ കയ്യിൽ മിച്ചം വരുന്നത്. ഈ മിച്ചത്തിൽ നിന്നുമാണ് 350 രൂപയുടെ അരി വാങ്ങിക്കുന്നത്. അതായത് ശരാശരി 1100  രൂപ ചിലവഴിക്കുമ്പോഴാണ് ഒരു ഡ്രൈവർ 350 രൂപ മൂല്യമുള്ള അരി ഭക്ഷിക്കുന്നത്. അല്ലെങ്കിൽ 350 രൂപയുടെ അരി ഭക്ഷിക്കുമ്പോഴേക്കും ഒരു ഡ്രൈവർക്ക് നഷ്ടപ്പെടുന്നത് 750 രൂപയാണ്. ഇതു തന്നെയാണ് ഒരു വ്യാപാരിയുടെയും അവസ്ഥ. ഇതു തന്നെയാണ് ഏതൊരു സാധാരണക്കാരന്റെയും അവസ്ഥ.



ഈ നഷ്ടമൂല്യ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം സാധാരണക്കാരൻ എത്ര അദ്ധ്വാനിച്ചാലും രക്ഷപ്പെടുകയില്ല. അവന്റെ കൈകളിൽ നിന്നും നഷ്ടപ്പെടുന്ന മൂല്യം നഷ്ടമൂല്യം ബാധിക്കാത്ത ശബളക്കാരന്റെ അക്കൗണ്ടിലെ നിക്ഷേപമായാണ് മാറുന്നത്. അതു കൊണ്ടാണ് കേരളത്തിലെ 3 ശതമാനം ജനങ്ങൾ സമ്പന്നരായി മാറികൊണ്ടിരിക്കുമ്പോൾ 97 ശതമാനം ജനങ്ങളും ദാരിദ്ര രേഖയ്ക്കും താഴത്തേക്ക് പോകുന്നത്. ഈ വ്യവസ്ഥിതി നിലനിൽക്കുന്നത് കൊണ്ടാണ് കഴിഞ്ഞ 15 വർഷത്തിനിടയിൽ 23973 സാധാരണക്കാരന് കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്നത്.


(നഷ്ടമൂല്യ സിദ്ധാന്തവും കർഷകമാനിഫെസ്റ്റോയും എന്ന പുസ്തകത്തിൽ നിന്ന്) ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അനുദിനം വർദ്ധിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസത്തിന്റെ ആനുകൂല്യം അനുഭവിക്കാൻ കഴിയാതെ രണ്ട് തലമുറകൾ കടന്നുപോയി. ഈ അനീതി ഇനിയും അനുവദിച്ച് കൂട. അതു കൊണ്ട് സാമ്പത്തിക സമത്വത്തിലധിഷ്ടിതമായ ഒരു നവകേരള സൃഷ്ടിക്കായ് സാധാരണ ജനവിഭാഗം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അഡ്വ.വി.ടി.പ്രദീപ് കുമാർ,
കോ-ഓഡിറേറ്റർ
ദി പീപ്പിൾ
9947243655
pradeepkumarvattoli@gmail.com

No comments:

Post a Comment